ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക തിരിച്ചറിയൽ കാർഡിനായി ജില്ലയിൽ ഇതുവരെ അപേക്ഷിച്ചത് 31,000 പേർ. ഇതിൽ ഏഴായിരത്തിലധികം പേർ സാമൂഹ്യ സുരക്ഷാ മിഷന്റെ തീവ്രയജ്ഞ പദ്ധതിയുടെ ഭാഗമായി അപേക്ഷ സമർപ്പിച്ചവരാണ്. ആവശ്യമായ വിവിധ രേഖകൾ സമർപ്പിക്കാതിരുന്ന 8,488 പേരുടെ അപേക്ഷ വെരിഫിക്കേഷൻ ഘട്ടത്തിലാണ്.
ഭിന്നശേഷിക്കാർക്കുള്ള വിവിധ സേവനങ്ങളെ ഒറ്റ കുടക്കീഴിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ ആണ് സ്വാവലംബൻ പോർട്ടൽ വഴി രജിസ്ട്രേഷൻ നടത്തുന്നത്. ഭിന്നശേഷിക്കാരായ ആളുകളെ കണ്ടെത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി പ്രത്യേക ക്യാമ്പയിൻ ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തിലാണ് ഭിന്നശേഷിക്കാരായ ആളുകളെ രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. ജൂലൈ 30 ന് മുൻപായി പരമാവധി അർഹരായ ആളുകളെ കണ്ടെത്തി രജിസ്ട്രേഷൻ നടത്താനുള്ള ശ്രമത്തിലാണ് സാമൂഹ്യ സുരക്ഷാ മിഷൻ.
ജില്ലയിലാകെ 75000 ഭിന്നശേഷിക്കാരായ ആളുകൾ ഉണ്ടെന്നാണ് സാമൂഹിക നീതി വകുപ്പിന്റെ കണ്ടെത്തൽ. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഉള്ളവർ തിരിച്ചറിയൽ കാർഡിന് വേണ്ടിയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനും തിരിച്ചറിയൽ കാർഡിനും വേണ്ടിയാണ് അപേക്ഷ സമർപ്പിക്കുന്നത്.
ഒറ്റത്തവണ രജിസ്ട്രേഷൻ മാത്രമാണ് നടക്കുന്നത് .മുൻപ് അപേക്ഷ നൽകിയിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല . www.swavlambancard.gov.in എന്ന വിലാസത്തിൽ നേരിട്ട് ഓൺലൈൻ ആയി അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുന്നവർക്ക് 30 രൂപ ഫീസ് ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ, ഒപ്പ് അല്ലെങ്കിൽ വിരലടയാളം, ആധാർ കാര്‍ഡ് അല്ലെങ്കിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, മെഡിക്കൽ സർട്ടിഫിക്കറ്റ്(ലഭ്യമായെങ്കിൽ) എന്നിവ രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷൻ സംബന്ധിച്ച കേരള സാമൂഹ്യ സുരക്ഷാ മിഷൻ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഫേസ്ബുക് പേജിലും യൂട്യൂബിലും ലഭ്യമാണ്.
Add a Comment