Toy trains of India _ Travel guide

മേട്ടുപ്പാളയം മുതൽ ഊട്ടി വരെ, നീലഗിരി മൗണ്ടൻ ട്രെയിനിലൊരു യാത്ര!

മേട്ടുപ്പാളയം മുതൽ ഊട്ടി വരെ, നീലഗിരി മൗണ്ടൻ ട്രെയിനിലൊരു യാത്ര!

രണ്ട് തരത്തിലാണ് ഈ തീവണ്ടിയിൽ ടിക്കറ്റ് കിട്ടുക. IRCTC വഴി ഉദഗമണ്ഡലം മുതൽ മേട്ടുപ്പാളയം വരെ സാധാരണ ടിക്കറ്റ് എടുക്കുന്ന രീതിയിൽ എടുക്കാം. കുറച്ച് ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്നും കിട്ടും.


Toy Train_ Tamil Nadu _ DestiMap
സൂപ്പർഹിറ്റ് ചിത്രമായ കിലുക്കത്തിന്റ തുടക്കത്തിൽ പുകതുപ്പി ഓടിവരുന്ന ഒരു നീലത്തീവണ്ടിയുണ്ട്. 'വെൽകം ടു ഊട്ടി, നൈസ് ടു മീറ്റ് യൂ...' എന്ന് പറഞ്ഞ് എല്ലാ സഞ്ചാരികളെയും വരവേൽക്കുന്ന ഒരു സുന്ദരിത്തീവണ്ടി. 'ദിൽസേ' എന്ന ചിത്രത്തിലെ 'ഛയ്യ ഛയ്യ...' എന്ന ഗാനത്തെ ആകർഷമാക്കിയതിലും പ്രധാനപങ്ക് ഈ തീവണ്ടിക്കാണ്. ഊട്ടിയുടെ മനോഹരമായ ഫ്രെയിമുകൾക്കെല്ലാം മഞ്ഞിൻ പുതപ്പണിഞ്ഞ് നിൽക്കുന്ന ഈ പുകവണ്ടി പ്രത്യേക ചാരുത പകരുന്നു. കാലത്തിനൊത്ത് നാടിന്റെയും നാട്ടുകാരുടേയും രൂപഭാവങ്ങൾ മാറി. പരിഷ്കാരങ്ങൾ യാത്രകളുടേയും ജീവിതത്തിന്റെയും വേഗം കൂട്ടി. എന്നാൽ, ഈ കൽക്കരി തീവണ്ടിയിലെ യാത്ര നിങ്ങളെ മറ്റൊരു കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുമെന്ന് തീർച്ച. 114 വർഷം പൂർത്തിയാക്കുകയാണ് ഊട്ടിയിലെ തീവണ്ടി. യുനെസ്കെയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സർവീസ്. അത്ര എളുപ്പമല്ല ഈ ട്രെയിനിലെ യാത്ര തരപ്പെടാൻ. പലപ്പോഴും മാസങ്ങൾക്ക് മുൻപേ തന്നെ ടൂറിസ്റ്റുകൾ ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തിരിക്കും. മിക്കവാറും എല്ലാ ദിവസങ്ങളിലും ഹൗസ് ഫുൾ. കോയമ്പത്തൂരിനടുത്തെ മേട്ടുപ്പാളയം മുതൽ ഊട്ടി എന്ന ഉദഗമണ്ഡലം വരെയാണ് സ‍ർവീസ്. 45.88 കിലോമീറ്റർ ദൂരം. യാത്ര പൂർത്തിയാക്കാൻ വേണ്ടത് മൂന്നര മുതൽ നാലര മണിക്കൂർ വരെ. ശരാശരി 10കിലോമീറ്റർ മാത്രം വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. 16 തുരങ്കങ്ങളും ചെറുതും വലുതുമായ 250 പാലങ്ങളും നൂറിലേറെ വളവുകളും കടന്നാണ് ഈ കുഞ്ഞുതീവണ്ടിയുടെ വലിയ യാത്ര. രാവിലെയും വൈകീട്ടും ഓരോ സർവീസാണുള്ളത്. രാവിലെ 7.10 -ന് പുറപ്പെടുന്ന വണ്ടി ഊട്ടിയിലെത്തുന്നത് 12 മണിയോടെ. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഊട്ടിയിൽ നിന്ന് തിരിച്ചുള്ള സർവീസ്. മേട്ടുപ്പാളയത്ത് എത്തുക 5.30 -ന്. ഒറ്റ ട്രാക്കിലെ മീറ്റർ ഗേജിലൂടെയാണ് യാത്ര. പൽച്ചക്രങ്ങൾ അഥവ റാക്ക് സമ്പ്രദായം ഉപയോഗിച്ച് ഓടുന്നു എന്ന അപൂർവതയുണ്ട് ഇതിന്. 2203 മീറ്റർ ഉയരത്തിലുളള ഊട്ടിയേയും 326 മീറ്റർ ഉയരത്തിലുളള മേട്ടുപ്പാളയത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ യാത്ര നീലഗിരിയുടെ മനോഹാരിത മുഴുവൻ കണ്ടാസ്വദിക്കാനുളള അവസരം കൂടിയാണ് ഉദഗമണ്ഡലം (ഊട്ടി), ലവ് ഡേൽ, വെല്ലിങ്ടൺ, അറവൻകാട് കുനൂർ, മേട്ടുപ്പാളയം എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ. ഈ യാത്രയെ മൂന്ന് ഭാഗമാക്കി തിരിക്കാം. മേട്ടുപ്പാളയം മുതൽ കല്ലാർ വരെയുളള ഭാഗം സമതലപ്രദേശമാണ്. ഇവിടെ തീവണ്ടിയുടെ പരമാവധി വേഗം 30 കിലോമീറ്റ‍ർ വരെയാണ്. ഇവിടം കഴിയുന്നതോടെ സമതലങ്ങൾ പിന്നിട്ട് നമ്മൾ വനമേഖലയിലേക്ക് കടക്കുന്നു. കല്ലാർ മുതൽ കുനൂർ വരെ പതിമൂന്ന് കിലോമീറ്റർ ദൂരമുള്ള ഈ ഭാഗത്ത് 208 വളവുകളും 13 തുരങ്കങ്ങളുമുണ്ട്. ഈ ചെറിയ ദൂരം കൊണ്ട് നമ്മൾ 1721 മീറ്റർ മുകളിലെത്തും കുനൂ‍ർ മുതൽ ഊട്ടി വരെ 18 കിലോമീറ്ററാണ്. തേയിലത്തോട്ടങ്ങളും പൈൻ തോട്ടങ്ങളുമൊക്കെയുളള ഭൂപ്രദേശം മലയോരത്തിന്റെ മനോഹാരിത കാട്ടിത്തരുന്നു. മൂന്ന് ടണലുകൾ ഈ ഭാഗത്തുണ്ട്. മനുഷ്യവാസമില്ലാത്ത മേഖലകളിലൂടെയാണ് ഈ യാത്രയിൽ ഒട്ടുമുക്കാലും കടന്നുപോകുന്നത്. മൊബൈൽ റേഞ്ച് പ്രതീക്ഷിക്കേണ്ടെന്ന് പ്രത്യേകം പറയേണ്ടല്ലോ. വനമേഖലയിൽ കനത്ത‍ മഴയും മണ്ണിടിച്ചിലും ഭൂകമ്പ സാധ്യതയുമൊക്കെ വലിയ വെല്ലുവിളിയാണ്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമൊക്കെയുണ്ട്. വനംവകുപ്പിന്റെ സഹായത്തോടെയാണ് ഈ ഭാഗത്ത് സ്റ്റേഷനുകളുടെ പ്രവർത്തനം. ഒറ്റപ്പെട്ട ഈ സ്റ്റേഷനുകളിലെല്ലാം ദിവസം രണ്ടു തവണ മാത്രം യാത്രക്കാരെ കാണുന്ന കുറച്ച് ജീവനക്കാരുമുണ്ട്. കൽക്കരി എഞ്ചിനായതിനാൽ വെള്ളം കയറ്റാനായി പല സ്റ്റേഷനുകളിലും നിർത്തിയിടും. യാത്രക്കാർ പലരും ഈ സമയത്ത് പുറത്തിറങ്ങി നിൽക്കുന്നുണ്ട്. ശുചിമുറിയിൽ പോകണമെന്നുള്ളവർ സ്റ്റേഷനുകളിലേക്ക് പോയി മടങ്ങി വരുന്നു. എല്ലാവരും എത്തിയെന്ന് ട്രെയിൻ ജീവനക്കാർ ഉറപ്പാക്കുന്നുമുണ്ട്. തുരങ്കങ്ങളിലൂടെ കടന്നുപോകുമ്പോൾ കൂക്കി വിളിച്ച് സന്തോഷം പ്രകടിപ്പിച്ച യാത്രക്കാർ വീതി കുറഞ്ഞ പാലങ്ങളിലൂടെ കടന്നുപോകുമ്പോഴൊക്കെ പരിഭ്രാന്തരാകുന്നുമുണ്ട്. കുനൂരെത്തുന്നത് വരെ ഭക്ഷണം വാങ്ങാനുള്ള സൗകര്യവുമില്ല. കുനൂരെത്തിയാൽ കൽക്കരി എഞ്ചിൻ മാറ്റി ഡീസൽ എഞ്ചിനാക്കും. തുടർന്നുളള യാത്ര ഡീസൽ എഞ്ചിനിലാണ്. കുനൂർ ഊട്ടി റൂട്ടിൽ ദിവസേന എട്ട് സർവീസുണ്ട്. എന്നാൽ, കുനൂർ മുതൽ മേട്ടുപ്പാളയം വരെയുളള യാത്രയാണ് യഥാർത്ഥ നീലഗിരി യാത്ര. രണ്ട് തരത്തിലാണ് ഈ തീവണ്ടിയിൽ ടിക്കറ്റ് കിട്ടുക. IRCTC വഴി ഉദഗമണ്ഡലം മുതൽ മേട്ടുപ്പാളയം വരെ സാധാരണ ടിക്കറ്റ് എടുക്കുന്ന രീതിയിൽ എടുക്കാം. കുറച്ച് ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്നും കിട്ടും. അതിന് നേരത്തെ പോയി ക്യൂ നിൽക്കേണ്ടി വരും. ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ് ടിക്കറ്റുകളുണ്ട്. ഫസ്റ്റ് ക്ലാസിന് 600 രൂപ. സെക്കന്റ് ക്ലാസിന് 295 രൂപ. 1854 -ലാണ് നീലഗിരി മൗണ്ടൻ റെയിൽവേക്കായി ബ്രിട്ടീഷ് സർക്കാർ പദ്ധതി തയ്യാറാക്കിയത്. എന്നാൽ, മലമുകളിലെ തീവണ്ടിപ്പാതയുടെ നിർമ്മാണം ദുഷ്കരമായിനാൽ അതിനും ഏറെക്കാലം കഴിഞ്ഞാണ് പണി തുടങ്ങിയത്, 1891 -ൽ. പൂർത്തിയായതോ, 1908 -ലും. 1992 -ൽ യാത്രക്കാർക്ക് നല്ല കാഴ്ച കിട്ടുന്ന രീതീയിൽ ബോഗികൾ നവീകരിച്ചു. 2005 -ലാണ് യുനെസ്കോ ഈ സ‍ർവീസിനെ പൈതൃക പട്ടികയിൽ പെടുത്തിയത്. ആദ്യകാലത്ത് ഉണ്ടായിരുന്ന രീതിയിൽ തന്നെയാണ് സ്റ്റേഷനുകളും നേരിട്ടുള്ള ടിക്കറ്റുകളുമൊക്കെ നിലനിർത്തിയിരിക്കുന്നത്. കുടുസ് തീവണ്ടിയിൽ തിങ്ങിഞെരുങ്ങിയുളള സീറ്റുകളിൽ കുടങ്ങിക്കുടുങ്ങിയുള്ള നീണ്ടൊരു യാത്രയാണിത്. എന്നാൽ പുതിയ അനുഭൂതികളുടെ ജാലകം തുറക്കുന്ന ഈ യാത്ര വേറിട്ടതും അവിസ്മരണീയവുമാകുമെന്ന് തീർച്ചയാണ്. യാത്ര പൂർത്തിയാക്കി പുറത്തിറങ്ങിയവരൊക്കെ ഫോട്ടോ എടുക്കാൻ തീവണ്ടിക്ക് മുന്നിൽ തിക്കിത്തിരക്കുകയാണ്. അതെ. അത് കൂടി ഇല്ലെങ്കിൽ ഒരു യാത്ര പൂർത്തിയാകില്ലല്ലോ.
Tags: No tags

Add a Comment

Your email address will not be published. Required fields are marked *