294835203_414271997401163_3536879398660205727_n

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക തിരിച്ചറിയൽ കാർഡ്

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക തിരിച്ചറിയൽ കാർഡ്
ഇതുവരെ 31,000 അപേക്ഷകർ

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക തിരിച്ചറിയൽ കാർഡിനായി ജില്ലയിൽ ഇതുവരെ അപേക്ഷിച്ചത് 31,000 പേർ. ഇതിൽ ഏഴായിരത്തിലധികം പേർ സാമൂഹ്യ സുരക്ഷാ മിഷന്റെ തീവ്രയജ്ഞ പദ്ധതിയുടെ ഭാഗമായി അപേക്ഷ സമർപ്പിച്ചവരാണ്. ആവശ്യമായ വിവിധ രേഖകൾ സമർപ്പിക്കാതിരുന്ന 8,488 പേരുടെ അപേക്ഷ വെരിഫിക്കേഷൻ ഘട്ടത്തിലാണ്.
ഭിന്നശേഷിക്കാർക്കുള്ള വിവിധ സേവനങ്ങളെ ഒറ്റ കുടക്കീഴിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ ആണ് സ്വാവലംബൻ പോർട്ടൽ വഴി രജിസ്ട്രേഷൻ നടത്തുന്നത്. ഭിന്നശേഷിക്കാരായ ആളുകളെ കണ്ടെത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി പ്രത്യേക ക്യാമ്പയിൻ ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തിലാണ് ഭിന്നശേഷിക്കാരായ ആളുകളെ രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. ജൂലൈ 30 ന് മുൻപായി പരമാവധി അർഹരായ ആളുകളെ കണ്ടെത്തി രജിസ്ട്രേഷൻ നടത്താനുള്ള ശ്രമത്തിലാണ് സാമൂഹ്യ സുരക്ഷാ മിഷൻ.
ജില്ലയിലാകെ 75000 ഭിന്നശേഷിക്കാരായ ആളുകൾ ഉണ്ടെന്നാണ് സാമൂഹിക നീതി വകുപ്പിന്റെ കണ്ടെത്തൽ. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഉള്ളവർ തിരിച്ചറിയൽ കാർഡിന് വേണ്ടിയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനും തിരിച്ചറിയൽ കാർഡിനും വേണ്ടിയാണ് അപേക്ഷ സമർപ്പിക്കുന്നത്.
ഒറ്റത്തവണ രജിസ്ട്രേഷൻ മാത്രമാണ് നടക്കുന്നത് .മുൻപ് അപേക്ഷ നൽകിയിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല . www.swavlambancard.gov.in എന്ന വിലാസത്തിൽ നേരിട്ട് ഓൺലൈൻ ആയി അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുന്നവർക്ക് 30 രൂപ ഫീസ് ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ, ഒപ്പ് അല്ലെങ്കിൽ വിരലടയാളം, ആധാർ കാര്‍ഡ് അല്ലെങ്കിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, മെഡിക്കൽ സർട്ടിഫിക്കറ്റ്(ലഭ്യമായെങ്കിൽ) എന്നിവ രജിസ്ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. രജിസ്ട്രേഷൻ സംബന്ധിച്ച കേരള സാമൂഹ്യ സുരക്ഷാ മിഷൻ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഫേസ്ബുക് പേജിലും യൂട്യൂബിലും ലഭ്യമാണ്.

293522250_409876127840750_1823607648185410654_n

അപകട മേഖലകളുടെ മാപ്പിങ്ങുമായി
മോട്ടോര്‍ വാഹന വകുപ്പ്

293522250_409876127840750_1823607648185410654_n
അപകട മേഖലകളുടെ മാപ്പിങ്ങുമായി മോട്ടോര്‍ വാഹന വകുപ്പ്

ജില്ലയിലെ അപകട മേഖലകളെ ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തി വിവിധ വകുപ്പുകളുമായി പങ്കിടാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാപ്പിങ്ങ് സംവിധാനം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. 2019മുതല്‍ 2021 വരെ നടന്ന അപകടങ്ങള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന മേഖലകള്‍ രേഖപ്പെടുത്തി അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മോട്ടോര്‍ വാഹന വകുപ്പിന് പുറമെ പോലീസ്, പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ക്കായിരിക്കും വിവരങ്ങള്‍ ലഭ്യമാകുന്നത്.

മൂന്ന് വര്‍ഷത്തിനിടെ അഞ്ചോ അതിലധികമോ അപകടങ്ങള്‍ നടന്ന സ്ഥലങ്ങള്‍ കണ്ടെത്തി മാപ്പിങ്ങ് നടത്തും. ഇത്തരത്തില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്ന ഒന്നു മുതല്‍ മൂന്നു വരെ കിലോമീറ്ററുകള്‍ വരെ ദൈര്‍ഘ്യമുള്ള സ്‌ട്രെച്ചുകള്‍ കണ്ടെത്തിയായിരിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മേഖലയില്‍ തുടര്‍ച്ചയായി അപകടമുണ്ടാകാന്‍ കാരണമെന്തെന്ന് പരിശോധിക്കും. അപകട കാരണം റോഡിന്റെ അപാകതയോ, ഭൂമിശാസ്ത്രപരമായ കാരണങ്ങളാണോ എന്നും പരിശോധിക്കും.

ആദ്യ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമായിരിക്കും വിവരങ്ങള്‍ ലഭ്യമാകുന്നത്. പൊതു ജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാകുന്നതിനായി ഗൂഗിളിന്റെ അനുവാദം ആവശ്യമാണ്. സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും മാപ്പിങ്ങ് പൂര്‍ത്തിയാക്കിയ ശേഷം ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ നടത്തും.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എറണാകുളം ജില്ലയില്‍ 15000 റോഡപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. എം.സി റോഡിന്റെ ഭാഗമായ മൂവാറ്റുപുഴ-അങ്കമാലി സ്‌ട്രെച്ചില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നൂറിലധികം അപകടങ്ങളാണ് സംഭവിച്ചത്. മൂവാറ്റുപുഴ-കൂത്താട്ടുകുളം മേഖലകളിലും നിരവധി അപകടങ്ങളാണ് സംഭവിച്ചത്. ദേശീയ പാതയില്‍ കളമശേരി മേഖലയിലും നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. കൊച്ചി നഗരത്തില്‍ വിവിധ അപകട സാധ്യത മേഖലകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ എല്ലാ അപകട സാധ്യതാ മേഖലകള്‍ കണ്ടെത്തി മാപ്പിങ്ങ് പൂര്‍ത്തിയാക്കും. നിലവില്‍ പാലക്കാട് ജില്ലയിലാണ് മാപ്പിങ്ങ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.

1200px-Govt,_Medical_College,_Ernakulam

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ‘മദദ് ഫണ്ട് ‘ ആരംഭിക്കുന്നു

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 'മദദ് ഫണ്ട് ' ആരംഭിക്കുന്നു
ആദ്യ സംഭാവനയായി കളക്ടര്‍ 25,000 രൂപ നല്‍കി

അഗതികളായ രോഗികള്‍ക്ക് കാരുണ്യസ്പര്‍ശമായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ‘മദദ് ഫണ്ട്’ (Poor Patient Funding)ആരംഭിക്കുന്നു. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. അഗതികളായവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, അതിഥി തൊഴിലാളികള്‍ക്കും അടിയന്തര ഘട്ടത്തില്‍ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനാണ് മദദ് ഫണ്ടിന് രൂപം നല്‍കിയിരിക്കുന്നത്. മദദ് ഫണ്ടിലേക്ക് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കും. മദദ് ഫണ്ടിലേക്കുള്ള ആദ്യ സംഭാവനയായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് 25,000 രൂപ കൈമാറി. മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ കോളേജ് വികസന സൊസൈറ്റി യോഗത്തിലാണ് പദ്ധതിയ്ക്ക് അനുമതി നല്‍കാന്‍ തീരുമാനമായത്.

മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിന്റെ വരുന്ന ഒരു വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തന അജണ്ടകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരോ വിഭാഗങ്ങള്‍ എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് എളുപ്പത്തില്‍ മനസ്സിലാകുന്ന വിധം ഇന്ററാക്ടീവ് ഫെസിലിറ്റി മാപ് സംവിധാനം സ്ഥാപിക്കും. ആശുപത്രിയുടെ വിവിധ ഇടങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുകയും അതിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ ഓരോ വിഭാഗത്തെക്കുറിച്ചും അറിയുന്ന വിധത്തിലാണ് ഈ സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്.മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ കാന്റീന്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു. യൂട്ടിലിറ്റി സ്‌റ്റോറും തുടങ്ങും.
മെഡിക്കല്‍ കോളേജില്‍ വിഷബാധയേറ്റ് വരുന്നവരുടെ സാമ്പിളുള്‍ പരിശോധിക്കാന്‍ ടോക്‌സിക്കോളജി ലാബ് സ്ഥാപിക്കും. ആവശ്യമായ റേഡിയോളജിസ്റ്റുകളെ നിയമിച്ച് അള്‍ട്രാ സൗണ്ട് സ്‌കാനിങ് സൗകര്യം 24 മണിക്കൂര്‍ ലഭ്യമാക്കും.
ആശുപത്രി ജീവനക്കാര്‍ക്ക് ബിഹേവിയര്‍ & മോട്ടിവേഷണല്‍ ട്രെയ്‌നിംങ് ആരംഭിക്കും.
ശ്രദ്ധയോടും, സൗമ്യമായും, കാര്യക്ഷമതയോടുകൂടിയും എങ്ങനെ പ്രവര്‍ത്തികാമെന്നത് സംബന്ധിച്ചാണ് പരിശീലനം നല്‍കുക. മെഡിക്കല്‍ കോളേജിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം കൊടുക്കും. എല്ലാ മാസവും രണ്ട് ക്ലാസ് വീതം ഉണ്ടാകും. ആശുപത്രിയുടെ സേവനം കൂടുതല്‍ മികച്ചാതാക്കുകയാണ് ലക്ഷ്യം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസി സ്റ്റോര്‍ തുടങ്ങാനും യോഗത്തില്‍ ധാരണയായി. പുതിയതായി 50 സ്റ്റാഫ് നഴ്‌സ്, 40 ക്ലീനിംങ് ജീവനക്കാർ എന്നിവർ ഉൾപ്പെടെ 160 പേരെ മെഡിക്കല്‍ കോളേജില്‍ നിയമിക്കും. എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴിയായിരിക്കും നിയമനം. ആശുപത്രി വികസന സൊസൈറ്റി ജീവനക്കാരുടെ ശമ്പളം 2022 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പത്ത് ശതമാനം വര്‍ദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത ജിവനക്കാര്‍ക്ക് പ്യത്യേക തുക അനുവദിക്കാനും തീരുമാനിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സേവന നിരക്കുകളില്‍ കാലനുഗതമായ മാറ്റങ്ങള്‍ വരുത്തും. പേവാര്‍ഡ്, ആംബുലന്‍സ്, പാര്‍ക്കിംഗ് ( ഓട്ടോ, ടാക്‌സി) നിരക്കുകളില്‍ മാറ്റമില്ല. ഒ.പി ടിക്കറ്റ് നിരക്ക് 5 രൂപയായും, ബെഡ് ചാര്‍ജ്ജ് 20 രൂപയായും മാറ്റി നിശ്ചയിച്ചു.
ആശുപത്രിയുടെ വികസനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും, കേരളത്തിലെ മികച്ച മെഡിക്കല്‍ കോളേജായി കളമശ്ശേരിയെ മാറ്റണമെന്നും മന്ത്രി പി. രാജീവ് യോഗത്തില്‍ നിർദേശിച്ചു. പുതിയ ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടു പോകണമെന്നും മൂന്ന് മാസത്തിലൊരിക്കല്‍ സൊസൈറ്റിയുടെ യോഗം ചേരാമെന്നും അദ്ദേഹം പറഞ്ഞു.
ഹൈബി ഈഡന്‍ എം.പി, ജില്ലാ കള്ക്ടര്‍ ജാഫര്‍ മാലിക്,മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹന്‍, ആശുപത്രി വിസന സൊസൈറ്റി അംഗളായ പി.എം മുജീബ് റഹ്‌മാന്‍, സി.കെ പരീത്, എം.എ നൗഷാദ്, പി.എം.എ ലത്തീഫ്, പോള്‍ വര്‍ഗീസ്, കെ.എം.എ ജലീല്‍, അലോഷ്യസ് കൊള്ളാനൂര്‍, ജെസ്സല്‍ വര്‍ഗീസ്, റെജി. പി. ജോര്‍ജ്, കെ.കെ ജയപ്രകാശ്, ബേബി പാറേക്കാട്ടില്‍, കെ.പി ജേക്കബ്ബ്, പൗലോസ് മുടക്കുതല, കെ.ജെ അബ്ദുള്‍ സുധീര്‍, ടി.സി പ്രമോദ് കുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഗീത നായര്‍ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

Azadi Ka Amrit Mahotsav_ Special on Oct

ട്രെയിൻ യാത്രകൾ ചെയ്യുന്നവർക്ക് ഇതാ ഒരു കിടിലൻ ഓപ്‌ഷൻ എത്തി ?

ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഇതാ ഉപകാരപ്പെടുന്ന ഒരു ഓപ്‌ഷൻ

ഇനി ഡെസ്റ്റിനേഷൻ സെറ്റ് ചെയ്ത ശേഷം നിങ്ങൾക്ക് ഉറങ്ങാം

ഇനി യാത്ര ചെയ്യുവാൻ ഏറ്റവു കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു ഓപ്‌ഷൻ ആണ് ട്രെയിൻ .വളരെ കുറഞ്ഞ നിരക്കിൽ നമുക്ക് ഇന്ന് ഇന്ത്യയിൽ യാത്രകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ചിലപ്പോൾ യാത്രക്കാർ ഉറങ്ങിപോകുകയോ മറ്റോ ചെയ്താൽ പിന്നെ അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിച്ചു പോകേണ്ട അവസ്ഥയാണുള്ളത് .

എന്നാൽ ഇപ്പോൾ ഇതാ പുതിയ ഓപ്‌ഷനുകൾ അവതരിപ്പിച്ചു ഇന്ത്യൻ റെയിൽവെ .അതായത് പുതിയ ഓപ്‌ഷനുകൾ പ്രകാരം യാത്രക്കാർക്ക് ഇപ്പോൾ ഇറങ്ങേണ്ട ഡെസ്റ്റിനേഷൻ സെറ്റ് ചെയ്തുവെക്കാവുന്നതാണ് .ഇത്തരത്തിൽ സെറ്റ് ചെയ്തുവെക്കുകയാണെങ്കിൽ യാത്രക്കാർക്ക് ഇറങ്ങേണ്ട സ്റ്റേഷന് 20 മിനുട്ട് മുൻപേ തന്നെ അലർട്ട് വരുന്നതായിരിക്കും .എങ്ങനെയാണു ഇത്തരത്തിൽ ഡെസ്റ്റിനേഷൻ അലർട്ട് സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം .

  • നിങ്ങളുടെ ഫോണിൽ നിന്നും 139 എന്ന നമ്പറിലേക്ക് കോൾ ചെയ്യുക
  • അതിനു ശേഷം നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്
  • അതിനു ശേഷം IVR ലെ മെയിൻ മെനുവിൽ നിന്നും 7 സെലക്റ്റ് ചെയ്യുക
  • അതിനു ശേഷം 3 അമർത്തുക (ഡെസ്റ്റിനേഷൻ അലർട്ട് തിരഞ്ഞെടുക്കുവാനുള്ള ഓപ്‌ഷൻ ആണ് )
  • ഡെസ്റ്റിനേഷൻ തിരഞ്ഞെടുത്ത ശേഷം PNR നമ്പർ നൽകി സബ്മിറ്റ് ചെയ്യുക
  • നിങ്ങൾ ഇറങ്ങേണ്ട സ്ഥലം ആകുമ്പോൾ അലർട്ട് വരുന്നതായിരിക്കും
Toy trains of India _ Travel guide

മേട്ടുപ്പാളയം മുതൽ ഊട്ടി വരെ, നീലഗിരി മൗണ്ടൻ ട്രെയിനിലൊരു യാത്ര!

മേട്ടുപ്പാളയം മുതൽ ഊട്ടി വരെ, നീലഗിരി മൗണ്ടൻ ട്രെയിനിലൊരു യാത്ര!

രണ്ട് തരത്തിലാണ് ഈ തീവണ്ടിയിൽ ടിക്കറ്റ് കിട്ടുക. IRCTC വഴി ഉദഗമണ്ഡലം മുതൽ മേട്ടുപ്പാളയം വരെ സാധാരണ ടിക്കറ്റ് എടുക്കുന്ന രീതിയിൽ എടുക്കാം. കുറച്ച് ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്നും കിട്ടും.


Toy Train_ Tamil Nadu _ DestiMap
സൂപ്പർഹിറ്റ് ചിത്രമായ കിലുക്കത്തിന്റ തുടക്കത്തിൽ പുകതുപ്പി ഓടിവരുന്ന ഒരു നീലത്തീവണ്ടിയുണ്ട്. 'വെൽകം ടു ഊട്ടി, നൈസ് ടു മീറ്റ് യൂ...' എന്ന് പറഞ്ഞ് എല്ലാ സഞ്ചാരികളെയും വരവേൽക്കുന്ന ഒരു സുന്ദരിത്തീവണ്ടി. 'ദിൽസേ' എന്ന ചിത്രത്തിലെ 'ഛയ്യ ഛയ്യ...' എന്ന ഗാനത്തെ ആകർഷമാക്കിയതിലും പ്രധാനപങ്ക് ഈ തീവണ്ടിക്കാണ്. ഊട്ടിയുടെ മനോഹരമായ ഫ്രെയിമുകൾക്കെല്ലാം മഞ്ഞിൻ പുതപ്പണിഞ്ഞ് നിൽക്കുന്ന ഈ പുകവണ്ടി പ്രത്യേക ചാരുത പകരുന്നു. കാലത്തിനൊത്ത് നാടിന്റെയും നാട്ടുകാരുടേയും രൂപഭാവങ്ങൾ മാറി. പരിഷ്കാരങ്ങൾ യാത്രകളുടേയും ജീവിതത്തിന്റെയും വേഗം കൂട്ടി. എന്നാൽ, ഈ കൽക്കരി തീവണ്ടിയിലെ യാത്ര നിങ്ങളെ മറ്റൊരു കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുമെന്ന് തീർച്ച. 114 വർഷം പൂർത്തിയാക്കുകയാണ് ഊട്ടിയിലെ തീവണ്ടി. യുനെസ്കെയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സർവീസ്. അത്ര എളുപ്പമല്ല ഈ ട്രെയിനിലെ യാത്ര തരപ്പെടാൻ. പലപ്പോഴും മാസങ്ങൾക്ക് മുൻപേ തന്നെ ടൂറിസ്റ്റുകൾ ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തിരിക്കും. മിക്കവാറും എല്ലാ ദിവസങ്ങളിലും ഹൗസ് ഫുൾ. കോയമ്പത്തൂരിനടുത്തെ മേട്ടുപ്പാളയം മുതൽ ഊട്ടി എന്ന ഉദഗമണ്ഡലം വരെയാണ് സ‍ർവീസ്. 45.88 കിലോമീറ്റർ ദൂരം. യാത്ര പൂർത്തിയാക്കാൻ വേണ്ടത് മൂന്നര മുതൽ നാലര മണിക്കൂർ വരെ. ശരാശരി 10കിലോമീറ്റർ മാത്രം വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. 16 തുരങ്കങ്ങളും ചെറുതും വലുതുമായ 250 പാലങ്ങളും നൂറിലേറെ വളവുകളും കടന്നാണ് ഈ കുഞ്ഞുതീവണ്ടിയുടെ വലിയ യാത്ര. രാവിലെയും വൈകീട്ടും ഓരോ സർവീസാണുള്ളത്. രാവിലെ 7.10 -ന് പുറപ്പെടുന്ന വണ്ടി ഊട്ടിയിലെത്തുന്നത് 12 മണിയോടെ. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഊട്ടിയിൽ നിന്ന് തിരിച്ചുള്ള സർവീസ്. മേട്ടുപ്പാളയത്ത് എത്തുക 5.30 -ന്. ഒറ്റ ട്രാക്കിലെ മീറ്റർ ഗേജിലൂടെയാണ് യാത്ര. പൽച്ചക്രങ്ങൾ അഥവ റാക്ക് സമ്പ്രദായം ഉപയോഗിച്ച് ഓടുന്നു എന്ന അപൂർവതയുണ്ട് ഇതിന്. 2203 മീറ്റർ ഉയരത്തിലുളള ഊട്ടിയേയും 326 മീറ്റർ ഉയരത്തിലുളള മേട്ടുപ്പാളയത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ യാത്ര നീലഗിരിയുടെ മനോഹാരിത മുഴുവൻ കണ്ടാസ്വദിക്കാനുളള അവസരം കൂടിയാണ് ഉദഗമണ്ഡലം (ഊട്ടി), ലവ് ഡേൽ, വെല്ലിങ്ടൺ, അറവൻകാട് കുനൂർ, മേട്ടുപ്പാളയം എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ. ഈ യാത്രയെ മൂന്ന് ഭാഗമാക്കി തിരിക്കാം. മേട്ടുപ്പാളയം മുതൽ കല്ലാർ വരെയുളള ഭാഗം സമതലപ്രദേശമാണ്. ഇവിടെ തീവണ്ടിയുടെ പരമാവധി വേഗം 30 കിലോമീറ്റ‍ർ വരെയാണ്. ഇവിടം കഴിയുന്നതോടെ സമതലങ്ങൾ പിന്നിട്ട് നമ്മൾ വനമേഖലയിലേക്ക് കടക്കുന്നു. കല്ലാർ മുതൽ കുനൂർ വരെ പതിമൂന്ന് കിലോമീറ്റർ ദൂരമുള്ള ഈ ഭാഗത്ത് 208 വളവുകളും 13 തുരങ്കങ്ങളുമുണ്ട്. ഈ ചെറിയ ദൂരം കൊണ്ട് നമ്മൾ 1721 മീറ്റർ മുകളിലെത്തും കുനൂ‍ർ മുതൽ ഊട്ടി വരെ 18 കിലോമീറ്ററാണ്. തേയിലത്തോട്ടങ്ങളും പൈൻ തോട്ടങ്ങളുമൊക്കെയുളള ഭൂപ്രദേശം മലയോരത്തിന്റെ മനോഹാരിത കാട്ടിത്തരുന്നു. മൂന്ന് ടണലുകൾ ഈ ഭാഗത്തുണ്ട്. മനുഷ്യവാസമില്ലാത്ത മേഖലകളിലൂടെയാണ് ഈ യാത്രയിൽ ഒട്ടുമുക്കാലും കടന്നുപോകുന്നത്. മൊബൈൽ റേഞ്ച് പ്രതീക്ഷിക്കേണ്ടെന്ന് പ്രത്യേകം പറയേണ്ടല്ലോ. വനമേഖലയിൽ കനത്ത‍ മഴയും മണ്ണിടിച്ചിലും ഭൂകമ്പ സാധ്യതയുമൊക്കെ വലിയ വെല്ലുവിളിയാണ്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമൊക്കെയുണ്ട്. വനംവകുപ്പിന്റെ സഹായത്തോടെയാണ് ഈ ഭാഗത്ത് സ്റ്റേഷനുകളുടെ പ്രവർത്തനം. ഒറ്റപ്പെട്ട ഈ സ്റ്റേഷനുകളിലെല്ലാം ദിവസം രണ്ടു തവണ മാത്രം യാത്രക്കാരെ കാണുന്ന കുറച്ച് ജീവനക്കാരുമുണ്ട്. കൽക്കരി എഞ്ചിനായതിനാൽ വെള്ളം കയറ്റാനായി പല സ്റ്റേഷനുകളിലും നിർത്തിയിടും. യാത്രക്കാർ പലരും ഈ സമയത്ത് പുറത്തിറങ്ങി നിൽക്കുന്നുണ്ട്. ശുചിമുറിയിൽ പോകണമെന്നുള്ളവർ സ്റ്റേഷനുകളിലേക്ക് പോയി മടങ്ങി വരുന്നു. എല്ലാവരും എത്തിയെന്ന് ട്രെയിൻ ജീവനക്കാർ ഉറപ്പാക്കുന്നുമുണ്ട്. തുരങ്കങ്ങളിലൂടെ കടന്നുപോകുമ്പോൾ കൂക്കി വിളിച്ച് സന്തോഷം പ്രകടിപ്പിച്ച യാത്രക്കാർ വീതി കുറഞ്ഞ പാലങ്ങളിലൂടെ കടന്നുപോകുമ്പോഴൊക്കെ പരിഭ്രാന്തരാകുന്നുമുണ്ട്. കുനൂരെത്തുന്നത് വരെ ഭക്ഷണം വാങ്ങാനുള്ള സൗകര്യവുമില്ല. കുനൂരെത്തിയാൽ കൽക്കരി എഞ്ചിൻ മാറ്റി ഡീസൽ എഞ്ചിനാക്കും. തുടർന്നുളള യാത്ര ഡീസൽ എഞ്ചിനിലാണ്. കുനൂർ ഊട്ടി റൂട്ടിൽ ദിവസേന എട്ട് സർവീസുണ്ട്. എന്നാൽ, കുനൂർ മുതൽ മേട്ടുപ്പാളയം വരെയുളള യാത്രയാണ് യഥാർത്ഥ നീലഗിരി യാത്ര. രണ്ട് തരത്തിലാണ് ഈ തീവണ്ടിയിൽ ടിക്കറ്റ് കിട്ടുക. IRCTC വഴി ഉദഗമണ്ഡലം മുതൽ മേട്ടുപ്പാളയം വരെ സാധാരണ ടിക്കറ്റ് എടുക്കുന്ന രീതിയിൽ എടുക്കാം. കുറച്ച് ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്നും കിട്ടും. അതിന് നേരത്തെ പോയി ക്യൂ നിൽക്കേണ്ടി വരും. ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ് ടിക്കറ്റുകളുണ്ട്. ഫസ്റ്റ് ക്ലാസിന് 600 രൂപ. സെക്കന്റ് ക്ലാസിന് 295 രൂപ. 1854 -ലാണ് നീലഗിരി മൗണ്ടൻ റെയിൽവേക്കായി ബ്രിട്ടീഷ് സർക്കാർ പദ്ധതി തയ്യാറാക്കിയത്. എന്നാൽ, മലമുകളിലെ തീവണ്ടിപ്പാതയുടെ നിർമ്മാണം ദുഷ്കരമായിനാൽ അതിനും ഏറെക്കാലം കഴിഞ്ഞാണ് പണി തുടങ്ങിയത്, 1891 -ൽ. പൂർത്തിയായതോ, 1908 -ലും. 1992 -ൽ യാത്രക്കാർക്ക് നല്ല കാഴ്ച കിട്ടുന്ന രീതീയിൽ ബോഗികൾ നവീകരിച്ചു. 2005 -ലാണ് യുനെസ്കോ ഈ സ‍ർവീസിനെ പൈതൃക പട്ടികയിൽ പെടുത്തിയത്. ആദ്യകാലത്ത് ഉണ്ടായിരുന്ന രീതിയിൽ തന്നെയാണ് സ്റ്റേഷനുകളും നേരിട്ടുള്ള ടിക്കറ്റുകളുമൊക്കെ നിലനിർത്തിയിരിക്കുന്നത്. കുടുസ് തീവണ്ടിയിൽ തിങ്ങിഞെരുങ്ങിയുളള സീറ്റുകളിൽ കുടങ്ങിക്കുടുങ്ങിയുള്ള നീണ്ടൊരു യാത്രയാണിത്. എന്നാൽ പുതിയ അനുഭൂതികളുടെ ജാലകം തുറക്കുന്ന ഈ യാത്ര വേറിട്ടതും അവിസ്മരണീയവുമാകുമെന്ന് തീർച്ചയാണ്. യാത്ര പൂർത്തിയാക്കി പുറത്തിറങ്ങിയവരൊക്കെ ഫോട്ടോ എടുക്കാൻ തീവണ്ടിക്ക് മുന്നിൽ തിക്കിത്തിരക്കുകയാണ്. അതെ. അത് കൂടി ഇല്ലെങ്കിൽ ഒരു യാത്ര പൂർത്തിയാകില്ലല്ലോ.
290798900_401587198661873_4154708872890717207_n

എൽഡർ ലൈൻ – 14567

നാഷണല്‍ ഹെല്പ് ലൈന്‍ ഫോര്‍ സീനിയർ സിറ്റിസൺസ് (എൽഡർ ലൈൻ - 14567)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു ഹെല്പ് ലൈൻ പദ്ധതിയാണ് നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് (എൽഡർ ലൈൻ). കേരള സാമൂഹ്യ നീതി വകുപ്പ് മുഖേനയാണ് കേരളത്തിൽ എൽഡർ ലൈൻ പദ്ധതി നടപ്പിലാക്കി വരുന്നത്. പ്രസ്തുത പദ്ധതി വഴി മുതിർന്ന പൗരന്മാർക്ക് അവരുടെ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും വേണ്ടി 14567 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് എൽഡർ ലൈൻ ഓഫീസ് പ്രവര്ത്തിക്കുന്നത്.
മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്ന 2007 ലെ നിയമത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായമാകാന് എൽഡർ ലൈൻ പ്രവർത്തനങ്ങള്ക്ക് സാധിക്കും. വിവിധ വകുപ്പുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ് എൽഡർ ലൈൻ മുതിർന്ന പൗരന്മാർക്കാവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നത്.
എൽഡർ ലൈൻ പദ്ധതി വഴി മുതിർന്ന പൗരന്മാർക്ക് നൽകിവരുന്ന സേവനങ്ങൾ ചുവടെ പറയുന്നവയാണ് :
🛑 വിവരങ്ങള്
സംസ്ഥാനത്തെ വിവിധ സര്ക്കാര് വകുപ്പുകള് വയോജനങ്ങള്ക്കുവേണ്ടി ലഭ്യമാക്കുന്ന സേവനങ്ങള് സംബന്ധിച്ച വിവരങ്ങള് / അതുമായി ബന്ധപ്പെട്ടിട്ടുള്ള പരാതികള് / പെന്ഷന് / സര്ക്കാര് സന്നദ്ധ സ്ഥാപനങ്ങള് നടത്തുന്ന വൃദ്ധ സദനങ്ങള് / വയോജന സംരക്ഷണ കേന്ദ്രങ്ങള് എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്.
🛑 മാര്ഗ്ഗനിര്ദ്ദേശങ്ങള്
മാതാപിതാക്കളുടേയും മുതിര്ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 മായി ബന്ധപ്പെട്ട സഹായങ്ങള്, മറ്റു നിയമസഹായങ്ങള് മുതിര്ന്ന പൗരന്മാര്ക്ക് നേരെയുള്ള അതിക്രമങ്ങള്ക്കെതിരെ ആവശ്യമായ ഇടപെടലുകള്.
🛑 മാനസിക പിന്തുണ
വയോജനങ്ങള് നേരിടുന്ന മാനസിക പ്രയാസങ്ങള്ക്കും കോവിഡാനന്തര മാനസിക സംഘര്ഷങ്ങള്ക്കുമുള്ള പിന്തുണ.
🛑 നേരിട്ടുള്ള സഹായങ്ങള്
അഗതികളായ വയോജനങ്ങളുടെ പുനരധിവാസം, മാനസികവും ശാരീരികവുമായി ചൂഷണം നേരിടുന്ന പ്രായമായവര്ക്കുള്ള സഹായങ്ങള്.

290141355_396371899191173_2902365245224691871_n-1

ലഹരിക്കെതിരെ പുനര്‍ജ്ജനി പദ്ധതി;

ഒരു വര്‍ഷത്തിനിടയില്‍ 154 പേര്‍ക്ക് രോഗമുക്തി

 

ലഹരിയില്‍ നിന്നുള്ള മോചനത്തിന് മികച്ച ചികിത്സാ സംവിധാനം ഉറപ്പാക്കി ഹോമിയോപ്പതി വകുപ്പിന്റെ പുനര്‍ജ്ജനി പദ്ധതി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പദ്ധതി പ്രകാരം ജില്ലയില്‍ ചികിത്സതേടിയത് 585 പേരാണ്. ഇതില്‍ 154 പേര്‍ക്ക് ലഹരി ഉപയോഗത്തില്‍ നിന്നും മുക്തി നേടാനായി.

മദ്യം, പുകയില, മയക്കു മരുന്നുകള്‍ തുടങ്ങിയ ലഹരി വസ്തുക്കളുടെ പിടിയില്‍ നിന്നും മുക്തി നേടാന്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോമിയോപ്പതി വകുപ്പിന് കീഴില്‍ പുനര്‍ജ്ജനി പദ്ധതി ആരംഭിച്ചത്. ജില്ലയില്‍ മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ 2012 ലാണ് പുനര്‍ജ്ജനി ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങിയത്. മുടങ്ങാതെ ചികിത്സിക്കുകയാണെങ്കില്‍ മൂന്നാം മാസം മുതല്‍ രോഗിയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങും. മൂന്നു മാസം മുതല്‍ മൂന്ന് വര്‍ഷം വരെയാണ് ചികിത്സാ കാലയളവ് കണക്കാക്കുന്നത്.

സൗജന്യ ഹോമിയോ മരുന്നുകള്‍ക്ക് പുറമെ രോഗിക്കും ആവശ്യമെങ്കില്‍ കുടുംബാംഗങ്ങള്‍ക്കും പ്രഗല്‍ഭരായ സൈക്കോളജിസ്റ്റുകളുടെ കൗണ്‍സിലിംങ് സൗകര്യവും പുനര്‍ജ്ജനി പദ്ധതി വഴി ജില്ലയില്‍ നല്‍കുന്നുണ്ട്. നിലവില്‍ 42.63 ശതമാനം ആളുകള്‍ ജില്ലയില്‍ ചികിത്സ തുടരുകയാണ്, 22 ശതമാനം ആളുകള്‍ ഇടയില്‍ വച്ച് ചികിത്സ ഉപേക്ഷിച്ചു, 4.6 ശതമാനം ആളുകള്‍ക്ക് ചികിത്സയില്‍ മാറ്റമില്ലാതെ തുടരുന്നു.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പുനര്‍ജ്ജനി ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ഒ.പി രജിസ്‌ട്രേഷന്‍ ചാര്‍ജ്ജിന് പകരം നിര്‍ബന്ധിത പിരിവല്ലാതെ ആശുപത്രി വികസനസമിതി സംഭാവനയായി 50 രൂപ മാത്രമാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനം.

നാല്‍പ്പതിലധികം ടെസ്റ്റുകള്‍ ചെയ്യുന്നതിനുള്ള സൗകര്യവും ആശുപത്രിയിലുണ്ട്. ഈ ടെസ്റ്റുകള്‍ നടത്താന്‍ ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 50 ശതമാനം നിരക്ക് ഇളവ് ലഭിക്കും.

ഫലപ്രദമായ ചികിത്സയ്ക്കു ശേഷം നിരവധിപേര്‍ സാധാരണ കുടുംബ ജീവിതം പുനരാരംഭിച്ചിട്ടുണ്ട്. കൗണ്‍സിലിംങ്, സ്‌കൂള്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ പോസ്റ്റര്‍ മത്സരങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, മറ്റ് ലഹരി മുക്ത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്നുണ്ടെന്ന് പുനര്‍ജ്ജനി ജില്ലാകണ്‍വീനര്‍ ഡോക്ടര്‍ പി.എ എമില്‍ പറഞ്ഞു.

മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ പുനര്‍ജ്ജനി ക്ലിനിക്കില്‍ ബുക്ക് ചെയ്യാന്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ 0485 2950566 എന്ന നമ്പറില്‍ ബന്ധപ്പെടാം